വ്യാഴാഴ്‌ച, ഏപ്രിൽ 25, 2013

കവിത കണ്ടെടുക്കുന്ന വഴികൾ


എന്തുകൊണ്ട് നിങ്ങൾ പ്രണയത്തെക്കുറിച്ചും,
മരണത്തെക്കുറിച്ചും, നഷ്ടങ്ങളെക്കുറിച്ചും
കുട്ടിക്കാലത്തെ കണ്ണിമാങ്ങ ഓർമകളെക്കുറിച്ചും
മാത്രമെഴുതുന്നു ?
യാദൃശ്ചികമായി കണ്ടുമുട്ടിയപ്പോൾ,
ചിരപരിചിതമായ  ആ  കമ്പിളിത്തൊപ്പി
കയ്യിലെടുത്തുകൊണ്ട്‌  അദേഹം* ചോദിച്ചു.

നിങ്ങളുടെ പൂന്തോപ്പുകളിൽ വിരിയുന്ന പൂക്കൾ,
മരങ്ങളിൽ വന്നെത്തിയ പുതിയ പക്ഷികൾ,
അവയുടെ സംഗീതം,
എല്ലാം ഞാൻ നിങ്ങളുടെ കവിതയിൽ കണ്ടു.
പക്ഷെ എത്ര അന്വേഷിച്ചിട്ടും കണ്ടെത്താനായില്ല,
ആ പൂക്കളൊരുക്കിയ, മരങ്ങൾക്ക് തടമെടുത്ത,
നിങ്ങളുടെ പൂന്തോട്ടക്കാരനെ.
എന്തുകൊണ്ട് നിങ്ങളുടെ കവിത
അവനെ പരിചയപ്പെടുത്തുന്നില്ല ?

അപ്പോഴും എനിക്കുത്തരമില്ലായിരുന്നു.
എനിക്ക് ചുറ്റുമുള്ള  സ്ഥലകാലങ്ങൾ അന്യമാക്കി
പിന്നെയും പതിച്ചുകൊണ്ടിരുന്നു,
ഇടമുറിയാത്ത മഴപോലെ തളർത്തുന്ന ചോദ്യങ്ങൾ.

പിന്നെ എന്നെ ആശ്ചര്യപ്പെടുത്തിക്കൊണ്ട്,
എന്‍റെ പാൽക്കാരനേയും , പലച്ചരക്കുകടക്കാരനേയും,
മീൻകാരിയേയും, അലക്കുകാരിയേയും,
പത്രക്കാരനേയും, തയൽക്കാരിയേയും,
എനിക്ക് പരിചയപെടുത്തി.

പിന്നെയും ഒരുപാടു സംസാരിച്ചു,              
പാറ പിളർക്കുന്ന ചുറ്റികയുടെ ആവർത്തിച്ചുള്ള ശബ്ദം
മലനിരകളിൽ തട്ടി പ്രതിധ്വനിച്ചു സംഗീതമാകുന്നതിനെപ്പറ്റി,    
ആ ശബ്ദത്തിന് കാതോർക്കേണ്ടതിനെപ്പറ്റി,
അതിലുള്ള സന്ദേശത്തെക്കുറിച്ച്,
താക്കീതിനെക്കുറിച്ച്,
അങ്ങനെ പലതും.

പോകുമ്പോൾ വീണ്ടും ഓർമിപ്പിച്ചു
പരിചയപ്പെടുത്തിയവരെ,
ഒരിക്കൽ അവർ ചോദ്യങ്ങൾ ചോദിക്കുമെന്നാവർത്തിച്ചു,
കവിതയിലെ പോലെ.

"ഒരു ദിവസം ഏറ്റവും സാധാരണക്കാരായ ജനങ്ങളാൽ
എന്‍റെ രാജ്യത്തെ അരാഷ്ട്രിയ ബുദ്ധിജീവികൾ ചോദ്യം ചെയ്യപ്പെടും" **              





* പാബ്ലോ നെരൂദ
** ഓട്ടോ റെനേ യുടെ കവിതയിൽനിന്നും