എനിക്ക് കാണാം,
നിങ്ങളുടെ കണ്ണുകളിലെ ദയ, പുച്ഛം,
പിന്നെ അറപുളവാക്കുന്ന കൌതുകം.
കേള്‍ക്കാം,
നിങ്ങളുടെ അടക്കിപിടിച്ച സംസാരങ്ങള്‍,
സംശയങ്ങള്‍, നിറം പിടിപ്പിച്ച കഥകള്‍.
എങ്കില്‍ കേള്‍ക്കുക,
ഇതു പരാജയമല്ല; പ്രതികാരമല്ല,
വിശദീകരണമോ, പഴിചാരലോ അല്ല,
എന്‍റെ പ്രതികരണമാണിത്.
ഞാന്‍ കണ്ട കാഴ്ചകളിലേക്ക്
കണ്ണുകള്‍ ഇറുക്കി അടച്ചും,
ഞാന്‍ കേട്ട ആര്‍തനാദങ്ങള്‍ക്ക് നേരെ,
ബധിരത അഭിനയിച്ചും,
നിങ്ങളുടെ ഗൃഹജമായ സുരക്ഷാവലയങ്ങളില്‍ നിന്ന്,
ജീവിതത്തിന്‍റെ മഹത്വത്തെക്കുറിച്ച് പ്രസംഗിക്കരുത്.
അത്രയും സഹവര്‍ത്തിത്വം പ്രതീക്ഷിച്ചോട്ടെ.
വിധിക്കരുത്,
പ്രത്യേകിച്ചും നിങ്ങള്‍.
എന്ന്
പരേതന്‍.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ