ബുധനാഴ്‌ച, നവംബർ 21, 2012

വിജയം

വിജയത്തിന്‍റെ ഗിരിപ്രഭാഷണം കഴിഞ്ഞ്
ഞാന്‍ തിരിഞ്ഞു നോക്കി,
കയറിവന്ന വഴിനിറയെ
വീഴ്ത്തപെട്ട കബന്ധങ്ങള്‍,
തകര്‍ത്തെറിഞ്ഞ കിനാവുകള്‍,
പിഴുതുമാറ്റിയ വിശ്വാസങ്ങള്‍,
പറിച്ചെറിഞ്ഞ  പ്രതീക്ഷകള്‍,
പരിചിതരുടേയും അപരിചിതരുടേയും
സ്വപ്‌നങ്ങള്‍..
ഹോ, വിജയം ഇത്ര രക്തരൂക്ഷിതമോ ?
എങ്കില്‍
പരാജയം എത്ര മഹത്തരം.

ചൊവ്വാഴ്ച, ഒക്‌ടോബർ 16, 2012

നിരസനം


ഞാന്‍ :   പ്രിയേ  
                എന്‍റെ കൈവിരലുകള്‍ തേഞ്ഞുപോയിരിക്കുന്നു,
                നിന്‍റെ ശിലാഹൃദയത്തില്‍,
                പ്രണയാക്ഷരങ്ങള്‍ എഴുതിയെഴുതി.

അവള്‍ : "കണ്ണേ മടങ്ങുക,
                 മറ്റു തീരങ്ങളിലേക്ക്,
                 ഈ ചക്രവാളം കീഴ്പ്പെട്ടു കഴിഞ്ഞു,
                 തമ്പുകളും മിനാരങ്ങളും,
                 ഉയര്‍ത്തപ്പെട്ടു കഴിഞ്ഞു,
                 ആകാശത്തിലെ പറവകള്‍
                 ഒഴിഞ്ഞു പോയിരിക്കുന്നു,
                 കാലാന്തരത്തില്‍, അനന്തമാം-
                 ശിശിരം മാത്രമേ ബാക്കി.
                 ഇല്ല, പ്രതീക്ഷയുടെ
                 പുതുനാമ്പുകളൊന്നും,
                 ദയവായി മടങ്ങുക
                 മറ്റു തീരങ്ങളിലേക്ക്,
                 പ്രക്ഷുബ്ധമായ കടലും,
                 വന്യമായ കാറ്റുമില്ലാത്ത
                 ചക്രവാളങ്ങളിലേക്ക്."                  

ഞായറാഴ്‌ച, സെപ്റ്റംബർ 16, 2012

ലോട്ടറി

നെറ്റിയില്‍ വലിയൊരു  ചുവന്ന പൊട്ടും
അതിനു താഴെ  വെള്ള കുറി വരച്ചും,
വര്‍ണങ്ങള്‍ ഒട്ടേറെയുള്ള ചേല
ഒട്ടും ഭംഗിയില്ലാതെ  വാരി ചുറ്റി
കറുപ്പിന്‍റെ അഴകിനെ മൂടിവെച്ചും,
തിളങ്ങുന്ന കണ്ണുകള്‍ തെല്ലടച്ചും,
വെറ്റില ചുവപ്പുള്ള ചുണ്ടുകളില്‍
കലര്‍പ്പൊട്ടുമില്ലാത്ത ചിരിതൂകിയും,
ചെന്തമിഴിന്‍റെ ചുവയുള്ള വാക്കുകളാല്‍
ഇമ്പമാര്‍ന്ന സ്വരത്താല്‍ വിളിച്ചും,
ഭാഗ്യങ്ങള്‍ വില്‍ക്കുന്നു പെണ്ണൊരുത്തി.

അക്കങ്ങളാറും ചേര്‍ന്നുവന്നാല്‍
എത്തുന്ന ഒഴിവുകാലമുള്ളില്‍ കണ്ടും,
അക്കങ്ങള്‍ മൂന്നേ ഒത്തുളെളങ്കില്‍
ഒറ്റനേരത്തെ സുഭിക്ഷമോര്‍ത്തും,
തക്കല ഹയ്മനുട്ട്* പുണ്യാളന്
കത്തുന്ന മെഴുകുതിരി പത്തുനേര്‍ന്നും,
സ്വപ്‌നങ്ങള്‍ നെയ്തോരു  ഭാഗ്യചീട്ട്
വാങ്ങിച്ചു  ഞാന്‍ എന്‍റെ വലതുകയ്യില്‍...,
ഒട്ടു മടിച്ചിട്ടാണെങ്കിലും; ഞാന്‍
ഇടതുകയ്യാല്‍  നീട്ടി ഒരു പത്തുരൂപ.

മൂന്നെണ്ണമെങ്കിലും വിറ്റു പോയാല്‍
കുഞ്ഞിന്നുച്ചയ്ക്കെങ്കിലും കഞ്ഞി വാങ്ങാം,
ആറെണ്ണമെങ്ങാനും ഒത്തുവെങ്കില്‍
ചവിട്ടിവീഴാതെ കഴിയാം ഇന്നുകൂടി
ഗതികേടിന്‍റെയാ പായല്‍ പച്ച.
പെണ്ണിന്‍റെ  ഈ ആത്മഗതങ്ങള്‍ തട്ടി
എന്‍റെ  സ്വപ്നങ്ങളൊക്കെയും മുറിഞ്ഞു വീണു,
മൂര്‍ച്ചയുള്ള മഴുവിനാല്‍ നിലംപതിച്ച
കാടേറി നിന്ന വന്മരം കണക്കെ.


തണുത്ത കാറ്റിന്‍റെ മുത്തമേറ്റ്
മഴ ചോര്‍ന്ന കാര്‍മേഘം പോലെ,
പതയുന്ന വെള്ളത്തിരയടിച്ച്
നനയുന്ന തീരത്തെ മണ്ണുപോലെ,
പെണ്ണിന്‍റെ ചിരിയുടെ കാറ്റടിച്ച്
കണ്ണിലെവിടോ ഒരിറ്റു വെള്ളമൂറി,
മലയുടെ മാറിലെ സങ്കടങ്ങള്‍
ഉരുള്‍പൊട്ടി ഒലിച്ചിറങ്ങും പോലെ,
എന്‍റെ ഉള്ളിലെവിടോ ചാലുകീറി
ഒച്ചയില്ലാതെ ഒഴുകുന്നു ഗദ്ഗദങ്ങള്‍..,
എങ്ങനെ ഒളിപ്പിച്ചവള്‍ കണ്ണുകളില്‍
അരികു ജീവിതത്തിന്‍റെ വ്രണിത മുദ്ര.

ഇത്തിരി നേരം ഞാന്‍ ഓര്‍ത്തുവെച്ചു,
പിന്നെ, കുറ്റബോധങ്ങളൊട്ടുമില്ലാതെ      
എന്‍റെ തിരക്കിന്‍റെ മടിയില്‍ മറന്നുവെച്ചു,
മുല്ലമൊട്ടിന്‍റെ ചിരിയുള്ള കറുത്ത മുഖം.

കടയോരത്ത് റോഡരികില്‍ നിന്നുകൊണ്ട്
ഭാഗ്യങ്ങള്‍ വില്‍ക്കുന്ന പെണ്ണൊരുത്തി.

അറിയുമോ നിങ്ങളീ തമിഴത്തിയെ ?



* ചൂതാട്ടക്കാരുടെ മധ്യസ്ഥന്‍.

തിങ്കളാഴ്‌ച, സെപ്റ്റംബർ 10, 2012

കാത്തിരിപ്പ്‌

രാവിലെ അലമാര തുറന്നപ്പോള്‍,
ഒരു മൂലയില്‍,
അലക്കി, തേച്ച്, തൂക്കിയിട്ട,
ഒരു പഴയ ഷര്‍ട്ട്‌,
എന്‍റെ ഓര്‍മ്മക്കുറവിനെ കുറ്റപ്പെടുത്തിയും
പുതുമയോടുള്ള ആസക്തിയെ കളിയാക്കിയും,
കാത്തിരിപ്പിനെക്കുറിച്ച്  സംസാരിക്കുന്നു;
എന്‍റെ കൂടെ വെയിലത്ത്‌ നടന്നതും
മഴ നനഞ്ഞതും,
കടല്‍ക്കാറ്റുക്കൊണ്ടതും പറഞ്ഞ്,
സങ്കടപ്പെടുന്നു.
ഇരുട്ടിനോടുള്ള പേടിയെപ്പറ്റിയും,
മൂര്‍ച്ചയുള്ള കഞ്ഞിപ്പശയെപ്പറ്റിയും,
പരാതിപ്പെടുന്നു.
കണ്ടതിലുള്ള സന്തോഷവും,
ഇനി എന്ന് കാണുമെന്നാശങ്കയും,
പങ്കുവെയ്ക്കുന്നു.
പുറത്തെ പൂന്തോട്ടത്തില്‍,
വിരിഞ്ഞ പൂക്കളെപ്പറ്റിയും,
പാടുന്ന കിളികളെപ്പറ്റിയും
അന്വേഷിക്കുന്നു.

വിചിത്രം തന്നെ,
നന്നഞ്ഞ കണ്ണുകളും,
വിറയാര്‍ന്ന വാക്കുകളുമായി,
വൃദ്ധസധനത്തിന്‍റെ മുന്‍പില്‍,
അമ്മ പറഞ്ഞതും,
ഇതൊക്കെത്തന്നെ.

തിങ്കളാഴ്‌ച, ഓഗസ്റ്റ് 13, 2012

കുട

കൂട്ടുകാരന്‍റെ ഷര്‍ട്ടിന്‍റെ കോളറില്‍, 
പിടിച്ചു വലിക്കാന്‍,
വഴിയിലെ കുരയ്ക്കുന്ന പട്ടിയെ   
ഓടിക്കാന്‍,
അവളുമായി  മുട്ടിയുരുമ്മി 
കഥകള്‍  പറയാന്‍,
മറൈന്‍ ഡ്രൈവില്‍ കടല്‍ക്കാറ്റടിക്കുമ്പോള്‍
മുഖം മറച്ചു ചുംബിക്കാന്‍,  
മരച്ചില്ലകളില്‍  തങ്ങിയ  
മഴയെ  നിലത്തിറക്കാന്‍,   
ചിലപ്പോഴെങ്കിലും  
ടിപ്പു  സുല്‍ത്താനാണെന്നു തോന്നുമ്പോള്‍ 
പാവം  ചെടികളെ  അരിഞ്ഞു വീഴ്ത്തി
വാളുപോലെ അരയില്‍ തൂക്കാന്‍, 
ചുമ്മാ  കുത്തി  നടക്കാന്‍,
അല്ലാതെ
പിന്നെ
എനിക്കാണോ  
വെയിലിനേം 
മഴയെയും
പേടി.

ശനിയാഴ്‌ച, ഓഗസ്റ്റ് 11, 2012

മദ്യം

മഞ്ഞിന്‍റെ തണുപ്പുള്ള
സ്ഫടിക ഭരണികളില്‍നിന്നും,
എന്‍റെ കോപ്പയിലേക്ക്
തുളുമ്പി വീഴുന്ന,   
മഴ.
മരത്തിന്‍റെ മണം,
വെയിലിന്‍റെ നിറം,
ദാഹങ്ങളുടെ കവിത.
മരിച്ച സൂര്യന്‍റെ വെളിച്ചം പോലെ,
കഴിഞ്ഞുപോയ വസന്തത്തിന്‍റെ ആത്മാവ്.
ആകാശത്തില്‍ നിന്നും കൊഴിഞ്ഞു വീണ,
നക്ഷത്രങ്ങള്‍ ചിരിക്കുന്നു.

തിങ്കളാഴ്‌ച, ഓഗസ്റ്റ് 06, 2012

ജീവിതം


ഇടത്തോട്ടോ വലത്തോട്ടോ
എന്നാശങ്കപ്പെട്ട്,
വാതിലുകള്‍
തുറക്കണോ വേണ്ടയോ
എന്ന് സംശയിച്ച്,
ഏറെ നേരം
രക്ഷകനെ കാത്ത്,
നിര്‍ദേശങ്ങള്‍ക്ക് കാതോര്‍ത്ത്,
നിരാശപ്പെട്ട്,
പ്രതീക്ഷകള്‍ കളഞ്ഞ്
സംശയിച്ച്,
പേടിച്ച്,
ദിക്കറിയാതെ,
ലക്ഷ്യമില്ലാതെ,
നടന്ന്,
തളര്‍ന്ന്,
ഇരുന്ന്,
കിടന്ന്,
ഞരങ്ങി,
ഈ രാവണക്കൊട്ടയ്ക്ക്,
പുറത്തിറങ്ങിയപ്പോള്‍,
കണ്ടു
അലങ്കരിച്ച ശവക്കച്ച.          

വെള്ളിയാഴ്‌ച, ജൂൺ 22, 2012

ജൂണ്‍



പൊട്ടി വീണ കണ്ണാടി പോലെ
എട്ടുകാലി വലയില്‍ക്കുടുങ്ങിപോയ മഴ;
അതില്‍ വര്‍ണരാജി തീര്‍ക്കുന്ന സൂര്യന്‍.
അടുപ്പിനു മുകളിലെ കെറ്റിലില്‍  നിന്നും,
ഉയരുന്ന പുകച്ചുരുളുകള്‍.
നനഞ്ഞ തുണിയുടേയും
തണുത്ത മരത്തിന്‍റെയും
ചായയുടേയും  മണം.
തിരശ്ശീലയ്ക്കപ്പുറം;
എന്‍റെ കളിയിടങ്ങള്‍
കീഴടക്കാന്‍ വെമ്പുന്ന,
കടലാസ് നൗകകള്‍.
തോടുകള്‍  നിറഞ്ഞപ്പോള്‍
കണ്ടെടുത്ത ചൂണ്ടക്കൊളുത്ത്.
കാറ്റില്‍ കൊട്ടിയടയ്ക്കപ്പെടുന്ന,
ജനല്‍പ്പാളികള്‍.
ജീവിതത്തിന്‍റെ
ഒട്ടിപോയ താളുകള്‍ക്കിടയില്‍,
വിരല്‍ കടത്തി, വിടര്‍ത്തി,
ജൂണ്‍, എനിക്ക് തന്ന സമ്മാനം;
ഓര്‍മ്മകളുടെ വേലിയേറ്റം.
ഇറവെള്ളം വീഴുന്ന ശബ്ദത്തില്‍
എന്‍റെ ബാല്യം പ്രതിധ്വനിക്കുന്നു.






 




ബുധനാഴ്‌ച, ജൂൺ 06, 2012

കുറ്റബോധം


കടവരാന്തയില്‍,
ഞാന്‍ പറഞ്ഞു.

"നടക്കാം നമുക്കിനി,
രൂക്ഷമല്ലീ  മഴ;
കൈയാല്‍ മറയ്ക്കാം,
മഴത്തുള്ളികള്‍.
ചിരിച്ചും,
ചുണ്ടില്‍ കനലെരിച്ചും,
തോളോടുതോള്‍   ചേര്‍ന്ന്,
ഇരുളാര്‍ന്നൊരീ  വഴിയിലൂടെ."

കണ്ടില്ല ഞാന്‍,
ഒരു മാത്രപോലും,
കാറ്റില്‍ ഇളകിയാടുന്ന,
കറുത്ത മേലങ്കികള്‍ .

*********************************
കേട്ടത്
വാക്കിന്‍റെ  ഇടിമുഴക്കങ്ങള്‍,
കണ്ടത്
ഇത്തിരി വെട്ടത്തിന്‍റെ,
മിന്നലാട്ടങ്ങള്‍.
*********************************

ഇല്ലെനിക്കിപ്പോള്‍ ഒട്ടുമേ ഓര്‍മ്മകള്‍;
കുറ്റബോധത്തിന്‍റെ കാണാകയങ്ങളില്‍,
കൈയുയര്‍ത്താതെ മുങ്ങുന്നു ഞാന്‍.
കാഴ്ചകള്‍ കുടുങ്ങിക്കിടക്കുന്നു,
അവന്‍റെ മുതുകിലും നെഞ്ചിലും,
അടിനാഭിയിലും തറഞ്ഞ
നനുത്ത ലോഹങ്ങളില്‍
ഞാന്‍ കണ്ട
പകയുടെ പത്തിയില്‍.

ചൊവ്വാഴ്ച, ജൂൺ 05, 2012

മഴ

ഇരുണ്ട ആകാശം;
കാറ്റില്‍ ദിശതെറ്റി പറക്കുന്ന പക്ഷികള്‍,
പാതി അടഞ്ഞ കണ്ണ് പോലെ,
മേഘത്തിനു പിന്നില്‍ സൂര്യന്‍.
തെളിച്ചമില്ലാത്ത വെയില്‍,
തട്ടി  തെറിപ്പിച്ചു ഇലകളുടെ പച്ച.
നിന്‍റെ മടിയില്‍ കിടന്നിരുന്ന
എന്‍റെ ആകാശ കാഴ്ചകള്‍ അപൂര്‍ണമാക്കി,
ചുവന്നു തുടങ്ങിയ നിന്‍റെ മുഖം.
നിന്‍റെ കണ്ണുകളുടെ ആഴങ്ങളില്‍ ഞാന്‍.
സിഗരറ്റ് കറപുരണ്ട എന്‍റെ ചുണ്ടുകള്‍,
നിന്നെ പകുത്തു.
അപ്പോഴാണ്‌, മഴ പെയ്തത്.
പിന്നെ മരം പെയ്തു.
നിന്‍റെ തലമുടി ഇഴകള്‍ക്കിടയിലൂടെ    .
ആദ്യമായി ............
ഞാന്‍  മഴ നനഞ്ഞു.





ബുധനാഴ്‌ച, മേയ് 30, 2012

ഒരു ആത്മഹത്യാകുറിപ്പ്



എനിക്ക് കാണാം,
നിങ്ങളുടെ കണ്ണുകളിലെ ദയ, പുച്ഛം,
പിന്നെ അറപുളവാക്കുന്ന കൌതുകം.
കേള്‍ക്കാം,
നിങ്ങളുടെ അടക്കിപിടിച്ച സംസാരങ്ങള്‍,
സംശയങ്ങള്‍, നിറം പിടിപ്പിച്ച കഥകള്‍.
എങ്കില്‍ കേള്‍ക്കുക,
ഇതു പരാജയമല്ല; പ്രതികാരമല്ല,
വിശദീകരണമോ, പഴിചാരലോ അല്ല,
എന്‍റെ പ്രതികരണമാണിത്.
ഞാന്‍  കണ്ട കാഴ്ചകളിലേക്ക്
കണ്ണുകള്‍  ഇറുക്കി അടച്ചും,
ഞാന്‍  കേട്ട ആര്‍തനാദങ്ങള്‍ക്ക് നേരെ,
ബധിരത അഭിനയിച്ചും,
നിങ്ങളുടെ ഗൃഹജമായ സുരക്ഷാവലയങ്ങളില്‍ നിന്ന്,
ജീവിതത്തിന്‍റെ  മഹത്വത്തെക്കുറിച്ച് പ്രസംഗിക്കരുത്.
അത്രയും സഹവര്‍ത്തിത്വം പ്രതീക്ഷിച്ചോട്ടെ.
വിധിക്കരുത്,
പ്രത്യേകിച്ചും നിങ്ങള്‍.

എന്ന്
പരേതന്‍.

തിങ്കളാഴ്‌ച, മേയ് 28, 2012

കാഴ്ച



അക്ഷരങ്ങളുടെ ജ്യാമിതി,
വിടരാനിരിക്കുന്ന  പൂമൊട്ടുകളുടെ ആകൃതി,
പൂമ്പാറ്റകളുടെ ചിറകില്‍  കണ്ടിരുന്ന,
ചെറിയ ചുവന്ന വട്ടങ്ങള്‍.
കടല്‍ത്തീരത്തെ  അലങ്കാര  വിളക്കുകളുടെ
കൂര്‍ത്ത  വായ്ത്തല.
രൂപ നോട്ടുകളില്‍ ഞാന്‍ എണ്ണിയിരുന്ന നേര്‍ത്ത വരകള്‍,
അവളുടെ ചുണ്ടിനുമീതെയുള്ള
ആ കറുത്ത മറുക്......

നഷ്ടങ്ങള്‍  ഓരോന്നായി തുടങ്ങിയതും
എന്‍റെ കാഴ്ച,
കണ്ണിനും കണ്ണടയ്ക്കുമിടയിലേക്ക് ചുരുങ്ങിയതും
കോരിച്ചൊരിയുന്ന ഒരു മഴക്കാലത്താണ്.


ചൊവ്വാഴ്ച, മേയ് 22, 2012

ഓണം


കനല്‍കെട്ടുപോയ കല്ലടുപ്പ്;
മതിലിനോട് ചേര്‍ത്തുവെച്ച പേറ്റുമുറം;
അടുക്കളവാതിലിലൂടെ പടയിറങ്ങുന്ന
വെളിച്ചത്തില്‍
രൂപാന്തരീകരണം സംഭവിച്ച സ്ത്രീ.

കോലായില്‍ ഒഴിഞ്ഞ ചാരുകസേര;
തേയ്ക്കാത്ത ചുമരുകള്‍;
മുറ്റത്ത്‌ ചെമ്പരത്തിക്കാടിനു ചുവട്ടില്‍
ഒരുപിടി മണ്ണ് അമര്‍ത്തിപ്പിടിച്ച്,
പ്രതീക്ഷകള്‍ പാഴായ കണ്ണുകളുമായി,
ഒരു വൃദ്ധ.

തെക്കോട്ട്‌ കളപിടിച്ച പാടം,
വടക്ക്, പ്രാചീന പ്രത്യാശയോടെ
തോള്‍സഞ്ചിയില്‍ അന്നം തിരയുന്ന
ഓണപ്പൊട്ടന്‍.

തിങ്കളാഴ്‌ച, മേയ് 21, 2012

കയര്‍

 പരീക്ഷ ഫലം വരുമ്പോള്‍,
പ്രണയത്തില്‍  പരാജയപ്പെടുമ്പോള്‍,
കാലവര്‍ഷം  ചതിക്കുമ്പോള്‍
വട്ടി പലിശകാരന്‍  കണുരുട്ടുമ്പോള്‍
ലഹരിയില്‍  മുങ്ങുമ്പോള്‍
പാര്‍ട്ടി  തോല്‍ക്കുമ്പോള്‍
പിന്നെ കാരണമൊന്നും ഇല്ലാതെ
ഞങ്ങള്‍  തളരുമ്പോള്‍
പിടിവള്ളി ആവാന്‍ വേണ്ടി തന്നെയാണ്
തേങ്ങയില്‍  നിന്ന് അടര്‍ത്തി
അനുഭവങ്ങളുടെ കയത്തില്‍  പതം വരുത്തി,
യാതനകളുടെ പ്രഹരങ്ങള്‍  കൊണ്ട് പക്വത നല്കി,
ഇഴകള്‍  പിരിച്ചു, രൂപവും  ശക്തിയും പകര്‍ന്നുത്തന്നത് .
അല്ലാതെ പിന്നെ  എന്തിനാണ് ഈ കാലത്ത്
കയര്‍